ടെൽ അവീവ്: ഹമാസിന്റെ സൈനിക മേധാവി ഇസ അൽ ദിൻ അൽ ഹദ്ദാദ് ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേൽ. വെള്ളിയാഴ്ച ഗാസ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ അവകാശവാദം.
ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ കൂടിയാണ് കൊല്ലപ്പെട്ട ഹദ്ദാദ് എന്ന് ഐഡിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഹമാസ് സൈനിക മേധാവി ആയിരുന്ന മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിന്റെ തലപ്പത്തെത്തുന്നത്. ഇസ്രായേലി ബന്ദികളെ പാർപ്പിച്ചിരുന്ന ഇടങ്ങൾ പൂർണമായും നിയന്ത്രിച്ചിരുന്നത് ഹദ്ദാദ് ആയിരുന്നതായും ഐഡിഎഫ് അറിയിച്ചു.
ബന്ദികളെ ഉപയോഗിച്ച് മനുഷ്യകവചം തീർത്താണ് ഹദ്ദാദ് ആക്രമണങ്ങളെ പ്രതിരോധിച്ചിരുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ ആരോപിക്കുന്നു. 1980കളിൽ ആണ് ഇസ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.